ബിസ്മില്ലാഹ് ഖാന്
ഹേ ബിസ്മില്ലാഹ്, നീ പടര്‍ത്തിയ
രാഗമാരിതന്‍ മേളനം,ചുണ്ടുചേര്‍-
ന്നുതിരും കുറുങ്കുഴല്‍-ഷെഹനായി-പാട്ടതില്‍
ഉജ്വലിക്കുന്നു ഭാരത പൈതൃകം
ഹേ ബിസ്മില്ലാഹ്, നിന്‍റെയാലാപനം
കേട്ടു കോരിത്തരിച്ചുവോ! യമുനയും
ഗംഗയും കാശിനാഥനും-മഞ്ഞിന്‍റെ
വെള്ളുടുപ്പിട്ടു നില്‍ക്കും ഹിമാവാനും
ഹേ ബിസ്മില്ലാഹ്, നിന്‍റെ ഗാനങ്ങളില്‍
പൂക്കുന്നു ദീപ്ത സ്മരണകള്‍, ചേതനയി-
ലുണരുന്നു രാഗസുവര്‍ണ്ണരേണുക്കളതി-
ലുയിരിടുനനിന്ദ്രധനുസ്സിന്‍റെ നവ്യത
ഹേ ബിസ്മില്ലാഹ്, നിന്‍റെ സ്വരങ്ങളില്‍
നിറയുന്നു മുന്തിരിച്ചാറിന്‍ ലഹരിയതു-
പകരുന്നു ചേതനാചഷകങ്ങളില്‍-പിന്നെ
പടരുന്നു ദേശകാലങ്ങള്‍ക്കതീതമായ്
ഹേ ബിസ്മില്ലാഹ്, നിന്‍റെയീണങ്ങളില്‍
വര്‍ഷബിന്തുക്കള്‍ ചിതറുന്നു- നിഴല്‍ക്കുളിര്‍
പോലെ പതിക്കുന്നു,നേരിന്‍റെ നിറവിന്‍റെ
നിശബ്ദ ശാന്തത തുടിച്ചു തുളിക്കുന്നു
ഹേ ബിസ്മില്ലാഹ്, നിന്‍റെ നാദങ്ങളില്‍
നീ ചുരത്തിയ വിഷാദകച്ചവി-യൊരു
തുയിലുണര്‍ത്തായൊഴുകിയെത്തീ-യിന്നു
പൂനിലാവുപരത്തുന്നു ചുറ്റിലും
ഹേ ബിസ്മില്ലാഹ്, നിങ്ങളുടെ പാട്ടിന്നു
മതമില്ല ദേശകാലങ്ങളി-ല്ലതിരില്ല
പതിരില്ല, പകയില്ല-നിന്‍റെ സിംഹാസനം
മാനവഹൃദന്തത്തില്‍ മാത്രമെന്നും.
No comments:
Post a Comment