അന്തി ചായുന്നു...നാട്ടുവെളിച്ചമുണ്ട്...തലയ്ക്കു മുകളിൽ അരയാലിലകളുടെ നാമജപം....
മാമ്പൂമണം മൂക്കിലേക്കിറ്റിച്ചു കലമ്പുന്ന കാറ്റ്...വിഷുവിന്റെ വരവറിയിച്ചുകൊണ്ട് അമ്പലപ്പറമ്പിലൊരു കോണിൽ നിറഞ്ഞു ചിരിക്കുന്ന കണിക്കൊന്ന...കണ്ണെത്താ ദൂരത്തോളം പാടം വെയിലേല്പിച്ച ആലസ്യത്താൽ കിതയ്ക്കുന്നു.
വേട്ടാളന്റെ മൂളൽ....
കോളാമ്പിയിലൂടെ ഒഴുകിയെത്തുന്ന യേശുദാസിന്റെ ശബ്ദം പാടവും താണ്ടി ആറും കടന്ന് അക്കരയ്ക്ക്....
പാടത്ത് പിള്ളേർ തിമർക്കുന്നു.....
പണ്ട് കൊയ്ത്തുകഴിഞ്ഞാൽ ഈ പാടത്ത് പയറും ഉഴൂന്നും എള്ളുമെല്ലാം കൃഷിചെയ്തിരുന്നു....
ഇന്നത് വെറുമൊരോർമ്മ....
ഓർമകൾക്കെന്തു സുഗന്ധം....
"കുഞ്ഞേ..."
വിളികേട്ട് ഓർമകളിൽനിന്നുമുണർന്നു...
കാളിയാണ്....
പണിയും കഴിഞ്ഞ് ആറ്റിലിറങ്ങി കന്നുകളേയും കുളിപ്പിച്ച് വീട്ടിലേക്കുള്ള മടക്കമാണ്....
"ന്താണാശാനേ..."
"ഓ...ഒന്നുമില്ല കുഞ്ഞേ..." കാളകൾ തലകുടഞ്ഞ് മുക്കറയിട്ടു.
"കുഞ്ഞിന്ന് പോയില്ലേ..."
"ല്ലാശാനേ...വെക്കേഷനല്ലേ...വായന...എഴുത്ത്...തീറ്റി...ഉറക്കം...നേരം പോണ്ടേ..."
"ഉം...വീട്ടിൽ..."കാളകൾ ചെറുതായൊന്ന് ആഞ്ഞു...കാളി കയറു പിടിച്ച് മുഖത്തുനോക്കി മുറുക്കാൻ കറപറ്റിയ പല്ലുകാട്ടി നിഷ്കളങ്കമായ ചിരി ചിരിച്ചു....
"ഉം...സുഖമാണ്...എല്ലാർക്കും സുഖം..."
"ഉം...നടക്കട്ടേ കുഞ്ഞേ...നടക്കെടാ ചെക്കന്മാരേ..."പ്രത്യേക താളത്തിൽ ശബ്ദിച്ചുകൊണ്ട് കാളിയും കന്നുകളും നീങ്ങി...
നോക്കി നോക്കി നോട്ടം ആറ്റിനക്കരേക്കു നീട്ടി അയാളിരുന്നു...പെട്ടെന്ന് പാലത്തിനപ്പുറത്ത് ഒരു കൃഷ്ണശില പ്രത്യക്ഷപ്പെട്ടു...
മനസിലൊരു കണിക്കൊന്ന പൂത്തു....അയാൾക്കു ചുണ്ടിൽ ചിരി വിടർന്നു....
ആ രൂപം പാലം കടന്ന് പാടത്തേക്കിറങ്ങി....
നീണ്ട മുടി മുന്നിലേക്കിട്ട് തോളിലെ ബാഗ് ഒരുഭാഗത്തേക്ക് ഒതുക്കിപ്പിടിച്ച് മുകളിലും താഴേക്കും നോട്ടമെറിഞ്ഞ് കാക്കക്കറമ്പി ആടിയുലഞ്ഞു വരുന്നു....
അയാൾ നോക്കി...
തന്നെപ്പോലെ ആകാശവും തുടുത്തുവോ...?പുളിമരത്തിലെ പനംതത്തകൾ പാടിയോ...?കാറ്റ് അരനിമിഷം ആവേശം പൂണ്ടുവോ...?സന്ധ്യ നെറ്റിയിൽ സിന്ദൂരം തൊട്ടുവോ...?
കണ്ടു....ചുണ്ടിലൊരു തിരിതെളിഞ്ഞു....പുരികക്കൊടികളിളക്കി "ന്തേ....?" എന്നൊരു ചോദ്യമെറിഞ്ഞു.അയാൾ കണ്ണുകളിറുക്കി.അവൾ തലയാട്ടി...അമ്പലത്തിൽ മണി മുഴങ്ങി....
ഉൾച്ചുടുകളെല്ലാം ഉഴിഞ്ഞുകളഞ്ഞു അവൾ....ഒരു നേർത്ത മീനനിലാവ് ഉള്ളിലുദിച്ചു...അമ്പലത്തിനു നേരേ നോക്കി കൈകൂപ്പി അവൾ കണ്ണുകളടച്ചു...
അന്നേരം അയാൾ അവളെനോക്കി തൊഴുതു....
ഭദ്ര....ദുർഗ...ചീരുമ്പ....കാളി....പോതി....
കണ്ണു തുറന്നപ്പോൾ ഏഴുതിരിയിട്ട നിലവിളക്കിന്റെ തെളിമ...
എണ്ണക്കറുപ്പിന്റെ ഗരിമ...അമ്മമഹാമായയുടെ മഹിമ....
കൈവീശി തെളിഞ്ഞു ചിരിച്ച് അവൾ നടന്നു....ഇവളാണെന്റെ ആകാശം...ഈ ആകാശത്താണ് എന്റെ പ്രണയാനുഭവത്തിന്റെ മഴവില്ലൊളി....
എന്റെ മധുരാനുഭൂതി....
അന്തിവെളിച്ചവും സിന്ദൂര നിറമാണ്ടു...നേരിയ നിലാവു ചുറ്റി കണ്ണെഴുതിയ സന്ധ്യ പറഞ്ഞു...
"ദീപം...ദീപം...ദീപമാണിത്....കെടാതെ കാത്തോളൂ....നീളം ചെല്ലും...."
നക്ഷത്രങ്ങൾ അയാളെനോക്കി കണ്ണിറുക്കി ചിരിച്ചു....ആ ആത്മലയത്തിൽ അയാൾ നിർവൃതിയോടെ കണ്ണുകളടച്ചു....
No comments:
Post a Comment